ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മൂന്നാംഘട്ടം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. എസ്ഐആർ ഇനിയും അരങ്ങേറാത്ത 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് മൂന്നാം ഘട്ടം ആരംഭിക്കുക. മേയ് 30 മുതൽ ഘട്ടംഘട്ടമായാണ് എസ്ഐആർ ഇവിടങ്ങളിൽ ആരംഭിക്കുക.
മൂന്നാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവ ഒഴികെ, രാജ്യം മുഴുവനും വോട്ടർപട്ടിക പരിഷ്കരണം നടന്നുകഴിയും.
ഡൽഹി, ഒഡീഷ, മിസോറം, സിക്കിം, മണിപ്പുർ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഹരിയാന, ഛണ്ഡീഗഡ്, തെലുങ്കാന, പഞ്ചാബ്, കർണാടക, മേഘാലയ, മഹാരാഷ്ട്ര, ജാർഖണ്ഡ്, നാഗാലാൻഡ്, ത്രിപുര, ദാദർ ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്ഐആറിന്റെ മൂന്നാംഘട്ടം ആരംഭിക്കുക.
മൂന്നാംഘട്ടത്തിൽ ഏകദേശം 36.73 കോടി വോട്ടർമാരെയാണ് വോട്ടർപട്ടികയുടെ പരിശോധനയ്ക്കു വിധേയമാക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിടെ നടന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ നേരത്തെ പൂർത്തിയായിരുന്നു.